ജാലകവാതിലിലൂടെ മുഖത്തേക്ക് തെന്നി വീണ മഴത്തുള്ളികള്‍ നിന്നെ ഓര്‍മിപ്പിച്ചു . നീയെനിക്ക് കൂട്ട് വന്ന ആ രാവിലെ നിലാവിന് എന്തായിരുന്നു നിറം? പ്രണയത്തിന്‍റെ ചുവപ്പോ. വിരഹത്തിന്‍റെ ശ്യാമ നീലിമയോ? അറിയില്ല... നക്ഷത്രങ്ങളുദിച്ചു വന്ന നിന്‍റെ കണ്ണിന്‍റെ ആഴങ്ങളില്‍ എനിക്കെപ്പോഴോ എന്നെത്തന്നെ നഷ്ടപെട്ടിരുന്നു.
മഞ്ഞുതുള്ളിയുടെ തണുത്ത മൃദുലതയായിരുന്നു നിന്‍റെ ആദ്യ ചുംബനത്തിനു. സിരകളിലേക്ക് ആ മൃദുലത ഒരഗ്നിയായി പടരാന്‍ തുടങ്ങുമ്പോഴേക്കു ജനിപ്പിച്ച ഗര്‍ഭപാത്രങ്ങളുടെ തേങ്ങല്‍ അത് തടഞ്ഞു.പക്ഷെ മഴത്തുള്ളികള്‍ ഭൂമിയെ പുല്‍കുന്നത് നമ്മുടെ പ്രണയം കണ്ടിടനെന്നു നാം ആശ്വസിച്ചു.
കൊലുസ്സുകളുടെ കുശുമ്പുകള്‍ക്കും മൊബൈല്‍ ഫോണ്‍ റിങ്ങ്ടോനുകള്‍ക്കും ഇടയില്‍ നിന്‍റെ വിരല്‍ തുമ്പില്‍ തൂങ്ങി ഞാനെന്‍റെ സ്വാതന്ത്ര്യം അസ്വദിച്ചു. നമ്മള്‍ നടന്ന ഇടവഴികളില്‍ ഒരു സമ്മാനം പോലെ ഗുല്‍മോഹര്‍ പൂത്തുലഞ്ഞു...

No comments:
Post a Comment